Tuesday, May 08, 2007

maliyekkal takkees -2

അന്നു കോളേജ്‌ ഹോസ്റ്റലിന്റെ മേല്‍നോട്ടം കോളേജിലെ തത്വ ചിന്തകനും മാന്യനും കാര്യങ്ങള്‍ പറഞ്ഞാല്‍ മനസ്സിലാകുന്ന പുള്ളിയുമായിരുന്ന ശ്രീമാന്‍ തഫ്സല്‍ അഥവാ കുട്ടികളുടെ സ്വന്തം തഫു ആയിരുന്നു ... ഹോസ്റ്റല്‍ സെക്രട്ടറി ആയിരുന്നതു കൂട്ടത്തില്‍ അലവലാതിത്തരം കുറച്ചു കുറവുള്ളവനായിരുന്നു... അവനെക്കൊണ്ടു തന്നെ കാര്യം ഇന്റ്രൊഡ്യൂസ്‌ ചെയ്യിക്കാമെന്നു കരുതി .. അങ്ങു സാഹിത്യകാരന്മാരുടെ ഭാഷ അഥവാ സധാരണക്കാര്‍ക്കു മനസ്സിലാകാത്ത ഭാഷയില്‍ പറഞ്ഞാല്‍ ന്യായങ്ങള്‍ ഇതായിരുന്നു .. 1. കോളേജിലെ ഫാവി എഞ്ചിനീയര്‍മര്‍ ഇംഗ്ലീഷില്‍ ഉള്ള സംസാരങ്ങള്‍ നല്ല മണി മണി പോലെ പഠിക്കാനും വരാന്‍ പോകുന്ന ഇന്റര്‍വ്യൂകളില്‍ ഷൈന്‍ ചെയ്യാനും ശനിയാഴ്ച പഠിത്തം നിര്‍ത്തിവച്ച്‌ നല്ല അമേരിക്കന്‍ ആക്സെന്റ്‌ പടങ്ങള്‍ കണാന്‍ തയ്യറാണ്‌. 2. വെറും റ്റെക്‍നോക്രാറ്റുകള്‍ ആയി മറാതെ മലയള സിനിമ നേരിടുന്ന പ്രധിസന്ധി ആഴത്തില്‍ പഠിക്കാനും സിനിമ എന്ന കലയെ അടുത്തറിയുവാനും നല്ല നല്ല മലയാളം പടങ്ങള്‍ അതായത്‌ അടൂര്‍, ഏം ടി, പദ്‌മരാജന്‍ മുതലായ പ്രതിഭകളുടെ കടവ്‌, വിധേയന്‍, പൊന്തന്മാട തുടങ്ങിയ നല്ല നല്ല ചിത്രങ്ങള്‍ കണാനും ഞങ്ങള്‍ തയ്യറാണ്‌.(മാക്സിമം പോയാല്‍ ഷാജി കൈലാസന്‍ അതിന്റെ അപ്പുറം പോകത്തില്ല.)(ഇതില്‍ ഒന്നമത്തെ നിര്‍ദ്ദേശം വളരെ എഫ്ഫെക്റ്റീവ്‌ ആയെനേ. പക്ഷെ നമ്മുടെ കോളേജിലെ കുട്ടികള്‍ ആംഗലേയ ഭാഷയില്‍ പിന്തള്ളപ്പെട്ടു പോകാന്‍ ഉണ്ടായ പ്രധാന കാരണം ഇതായിരുന്നു .. അന്നെടുത്തു കണ്ട പല ഇംഗ്ലീഷ്‌ പടങ്ങളിലും അധികം സംസാരമുണ്ടായിരുന്നില്ല !!! )നമ്മുടെ പയ്യന്മാര്‍ക്കു ഒരു കാര്യം ഉറപ്പായിരുന്നു. മലയാള സിനിമയെ പറ്റിയുള്ള പൊതുവിജ്‌ഞ്ഞാനം തഫുവിനു തീരെയില്ല അഥവാ തഫു വെറും ശിശുവാണ്‌ ശിശു. അങ്ങേരെ ഫോണില്‍ വിളിച്ചു. ആരുടേയും സ്റ്റയ്‌ല്‌ കോപ്പി അടിക്കാതെ സ്വന്തം സ്റ്റെയിലില്‍ തഫു. "എല്ലാം കൊള്ളാം എന്തു പിണ്ണാക്കു പടമൊക്കെയാണു നിങ്ങള്‍ കാണാന്‍ പോകുന്നത്‌ ?" . അപ്പൊ വായില്‍ വന്ന പടങ്ങളുടെ പേരെടുത്തു പയ്യന്‍ തട്ടിവിട്ടു. എന്റെ ഓര്‍മ്മ ശരിയാണെങ്കില്‍ അന്നു പറഞ്ഞ കൂട്ടത്തില്‍ ആറാം തമ്പുരാന്‍, നരസിംഹം, വല്യേട്ടന്‍ എന്നീ സിനിമകള്‍ ഉണ്ടായിരുന്നു. അങ്ങനെ അങ്ങോരുടെ അനുഗ്രഹ ആശീര്‍വാദങ്ങല്‍ വാങ്ങി മാളിയേക്കല്‍ ടാക്കീസ്‌ കൊട്ടും കുരവയുമായി ഉത്ഘാടിച്ചു.മിക്കവാറും അടിയിലെ ഏതെങ്കിലും ഫ്ലാറ്റിലായിരുന്നു പടങ്ങള്‍ കളിച്ചിരുന്നത്‌ . ദിവസവും കളികള്‍ 8 മുതല്‍ പത്തു വരെ ഉയര്‍ന്നു. പിള്ളേര്‍ കാശു വാരിയെറിഞ്ഞു അങ്ങനെ മാളിയേക്കല്‍ ടാക്കീസിന്റെ ഓഹരികള്‍ വന്‍ ഡിമാന്റിലേക്കുയര്‍ന്നു. പടം കാണുന്നതിന്റെയിടക്കുള്ള വിസിലടികള്‍ കൂവിവിളികള്‍ ആരാധക സംഘട്ടനങ്ങള്‍, അങ്ങനെ മാളിയെക്കല്‍ ടാക്കീസ്‌ ഈ ഭൂമിമലയാളത്തിലെ മറ്റേതൊരു C ക്ലാസ്സ്‌ തിയേറ്ററിന്റേയും സ്റ്റാന്റേഡിലെക്കുയര്‍ന്നു.രാത്രി ഏറെ വൈകുമ്പോള്‍ മാന്യന്മാര്‍ മടകളിലേക്കു വലിയും .അപ്പോള്‍ ടാക്കീസിലെ എക്കാലത്തേയും ഹിറ്റുകള്‍ ആയിരുന്ന നിശബ്ദ ചിത്ത്രങ്ങളും ഷക്കീല വലിയമ്മയും രേഷ്മ അമ്മായിയുമൊക്കെ കൂടു പൊളിച്ചു പുറത്തിറങ്ങും. അതിനു പ്രത്യേക കളക്ഷന്‍ . എന്തിനു പറയണൂ ലാഭത്തില്‍ നിന്നും ലാഭത്തിലേക്കു തന്നെ ... ടക്കീസിനു പ്രതീക്ഷിച്ചതില്‍ കൂടുതല്‍ സ്വീകരണം കിട്ടിയതോടെ പ്രവര്‍ത്തകര്‍ ഉഷാറായി.. ടാകീസ്‌ ഇടക്കിടെ തുറക്കണമെന്നായി.. മാസങ്ങള്‍ എന്ന ഗ്യാപ്‌ ആഴ്ചകള്‍ ആയി ചുരുങ്ങി... അധികാരികളെ സിമ്പിള്‍ ആയി പറ്റിക്കാം.. "ഒഹ്ഹ്‌ മ്പ്‌ടെ തഫു അല്ലേ" എന്നായി ചിലര്‍ . എല്ലാ തവണയും അനുവാദം വാങ്ങാന്‍ തഫുവിനെ വിളിക്കുന്നു. തഫു അനുവാദം തരുന്നു .. തഫുവിനെ പറ്റിച്ചേ എന്ന ഗമയില്‍ അങ്ങനെ ഹോസ്റ്റല്‍ സെക്രറ്ററി ചീറി നടക്കുന്നു... ടക്കീസ്‌ പൊടി പൊടിച്ചോടുന്നു... പടം കാണുന്നു.. മനസ്സു നിരയെ സന്തോഷം പേര്‍സ്‌ നിറയെ പണം .. മാളിയേക്കന്‍സ്‌ ഫുള്‍ ഹാപ്പി.. അങ്ങനെ ടാക്കീസ്‌ വീണ്ടും വരുന്ന വെള്ളിയാഴ്ച തുറക്കാന്‍ തീരുമാനിച്ചു. പതിവുപോലെ വീട്ടില്‍ പോകാത്തവരുടെ കണക്കെടുപ്പിനു ശേഷം തഫുവിനെ പറ്റിക്കാനായി എല്ലാവരും സെക്രെട്ടറിയെ ചുമതല പെടുത്തി .. സെക്രെട്ടറി ഫൊണ്‍ വിളിക്കുന്നു. എല്ലാം പതിവുപോലെ. "എന്തു പിണ്ണാക്കാടാ കാണാന്‍ പോകുന്നത്‌" ... സെക്രെട്ടറി പേരുകള്‍ പറയുന്നു... ഇപ്രാവശ്യം സഹി കെട്ട തഫു ചോദിച്ചു.. " മക്കളേ നിങ്ങള്‍ ആറാം തമ്പുരാന്‍ ആറുപ്രാവശ്യവും, നരസിംഹം മൊത്തം 7 പ്രാവശ്യവും വല്യേട്ടന്‍ 5 പ്രാവശ്യവും കണ്ടു കഴിഞ്ഞു.. പേരുകേട്ടു ഏനിക്കും മടുത്തു .. ഇനി വേറെ എതെങ്കിലും പടം കണ്ടുകൂടെ ..?തഫു OK പറയുന്നതും കാതോര്‍ത്തിരുന്ന മൂപ്പര്‍ ഞട്ടി..അളിയന്‍ തഫുവിന്റെ മുന്‍പില്‍ സാഷ്ടാംഗം പ്രണമിച്ചു .. ഗുരോ അങ്ങുതന്നെ പുലി.. പിടിച്ചോ ഒരു സല്യൂട്ട്‌ . പിന്നെ ഒന്നും ആലോചിച്ചില്ല .. ടാക്കീസില്‍ കളിച്ചതും കളിക്കാന്‍ പോകുന്നതുമായ സകലമാന പടങ്ങളും അവയുടെ സെന്‍സര്‍ ബോര്‍ഡ്‌ സര്‍ട്ടിഫിക്കാറ്റും മൂപ്പരുടെ മുന്നില്‍ അവതരിപ്പിച്ചു എത്രയും പെട്ടെന്നു സ്കൂട്ടായി....

Monday, April 30, 2007

maaliyekkal talkees - 1

കോളേജിലെ കുപ്രസിദ്ധ ഭീകരന്മാര്‍, മാഫിയാ തലവന്മാര്‍, അതിവിദഗ്ദ്ധ ചാരപ്രവര്‍ത്തകര്‍ , പൈങ്കിളി സാഹിത്യകാരന്മാര്‍ , പുസ്തകപ്പുഴുക്കള്‍, ചോരയും നീരുമുള്ള പച്ച മനുഷ്യര്‍ എന്നു വേണ്ട എല്ലാ ഇനത്തിലും പിന്നെ ഹൈബ്രിഡ്‌ ഇനത്തിലും പെട്ട നല്ലൊരു ശതമാനം പുരുഷജനങ്ങളും തിങ്ങി പാര്‍ത്തിരുന്നതു മാളിയേക്കല്‍, ഫ്ലെക്സ്‌, 6/2 എന്നീ പുരുഷ ഹോസ്റ്റെലുകളിലായിരുന്നു.ഡേ സ്കോളേഴ്സിലെ പലരും മേല്‍പറഞ്ഞ പുലിമടകളില്‍ നിത്യവും സന്ദര്‍ശിച്ചു സമാധിയടഞ്ഞു. ഇതില്‍ ഓരൊന്നിനെയും കുറിച്ചു എഴുതിയാല്‍ തന്നെ അങ്ങു മഹഭാരതം പോലെ കാണ്ഡം കാണ്ഡമായി നീണ്ടുപോകും.. അതിനാല്‍ ഈ കുറിപ്പുകളില്‍ പലതും തീര്‍ച്ചയായും വിട്ടു കളയേണ്ടിവരും . ഇതില്‍ മാളിയെക്കലില്‍ തന്നെ ഹരിശ്രീ കുറിക്കാമെന്നു കരുതുന്നു ..കുറ്റിക്കാട്ടൂര്‍ നിന്നും നടന്നു വരികയാണെങ്കില്‍ 5 മിനിറ്റും , തിയറെറ്റിക്കലി മണിക്കൂറിനൊന്നു എന്ന വീതവും എന്നാല്‍ സാക്ഷാല്‍ കണിപ്പയ്യൂര്‍ നമ്പൂരിക്കുപോലും ഗണിച്ചു പറയന്‍ പറ്റാത്ത സമയങ്ങളില്‍ പ്രത്യക്ഷപ്പെടുന്നതുമായ കുട്ടിബസ്സില്‍ വരികയാണെങ്കില്‍ സുമാര്‍ 10 മിനിറ്റും ദൂരത്താണു മാളിയേക്കലെന്ന രണ്ടുനില കെട്ടിടം സ്തിതി ചെയ്യുന്നത്‌.കോളേജു മാനേജ്‌മന്റ്‌ മാളിയേക്കല്‍ കുടുംബക്കാരുടെ കയ്യില്‍ നിന്നും അതു വാടകക്കെടുത്താണു ഹോസ്റ്റലാക്കി മാറ്റിയത്‌.ലാഭം എന്ന വാക്കുമാത്രം കയ്യിലുള്ള പോക്കെറ്റ്‌ ഡിക്ഷനറിയില്‍ കുത്തി നിറച്ചിരുന്ന “വികലാംഗ ഉന്നമന സംഗടന” കുട്ടയില്‍ ചാള അടുക്കുന്ന പോലെ പിള്ളാരെ വെല്‍ പാക്ക്ഡ്‌ ആക്കിയാണു സൂക്ഷിച്ചിരുന്നത്‌. ഫ്ലാറ്റിനു 7 എന്ന കണക്കിനു 5 ഫ്ലാറ്റുകളില്‍ 35 ജനങ്ങളും ബാക്കിയുള്ള ഒരു ഫ്ലാറ്റില്‍ വാര്‍ഡനും കുക്കും പിന്നെ അന്തേവാസികളായ സാറുമ്മാരും അവിടെ ജനപ്പെരുപ്പമില്ലാതെ സുഖമായി ജീവിച്ചു പോന്നു.
മുന്‍പു ഏതു പൂച്ച പോലും തേരാ പാര നടന്നിരുന്ന സ്തലം ഹോസ്റ്റല്‍ വന്നതോടെ ആകെ മാറി.. നാട്ടുകാര്‍ ഗബ്ബര്‍ സിങ്ങിന്റെ കൊട്ട കണ്ടാല്‍ കിടുങ്ങുന്ന പോലെ കിടുങ്ങി.. നാട്ടിലെ സുന്ദരികള്‍ ഉമ്മറിനെ കണ്ട ശ്രീവിദ്യയെപ്പൊലെ,സ്തലമെത്തുമ്പോള്‍ എക്സ്‌പോസായിട്ടുള്ള ശരീര ഭാഗങ്ങല്‍ കയ്യില്‍ കിട്ടിയതെന്തും കൊണ്ടു മറച്ചുകൊണ്ടു ഓടി രക്ഷപെട്ടു .. അങ്ങനെ മാളിയേക്കല്‍ പുംഗവന്മാര്‍ ഹോസ്റ്റലിന്റെ 5-6 മൈല്‍ ചുറ്റളവു കൊല്ലും കൊലയുമായി അടക്കിവാഴുന്ന കാലം.
അന്നത്തെ ഗണിതാധ്യപകനും മുന്‍ശുണ്ഡിക്കാരനും ക്രോണിക്‌ പെണ്ണുകെട്ടാത്തവനുമായിരുന്ന മത്തായി സാറിന്റെ ഉപദേശപ്രകാരം മാളിയെക്കലിലെ വിനീതശിഷ്യന്മാര്‍ മുറിയിലും രണ്ടിനുപൊകുമ്പോള്‍ ഇടയ്ക്കു കിട്ടുന്ന ഗ്യാപ്പില്‍ രണ്ടെണ്ണം പഠിച്ചാല്‍ അതായല്ലൊ എന്നു കരുതി റ്റോയ്‌ലെറ്റിലും എന്നു വേണ്ടാ മെശ കട്ടില്‍ തുടങ്ങിയ സകല സാമിഗ്രികലിലും “കാലേ ഹാമില്‍റ്റന്‍ തിയറവും ” , “പാര്‍ഷ്യല്‍ ഡിഫ്ഫറെന്‍ഷ്യല്‍ ഇക്വേഷനും (സമവാക്യം)” കൊണ്ടു നിറച്ചു..
മുന്‍പറഞ്ഞ ചോരയും നീരുമുള്ള പച്ചമനുഷ്യര്‍ “മനോരമ വാരിക” സ്റ്റാന്‍ഡേര്‍ഡ്‌ ഉള്ള പ്രണയാതുരമായ വാക്കുകള്‍ ഇടക്കുള്ള വെക്കന്റ്‌ സ്തലങ്ങളില്‍ എഴുതിവച്ചു. മൈക്രൊസൊഫ്റ്റ്‌ എന്ന കുത്തക കമ്പനിയുടെ വേര്‍ഡിലുള്ള ഫാന്‍സി ഫോണ്ട്‌ കൊണ്ടു പേരുകള്‍ എഴുതി സ്വന്തം ഫ്ലാറ്റിന്റെ മുന്‍പില്‍ ഒട്ടിച്ചു ചിലര്‍ നിര്‍വൃതിയടഞ്ഞു..
ചുവര്‍ വൃത്തികേടാക്കി എന്ന വാര്‍ഡന്റെ പരിഭവം പറച്ചില്‍ ഹൃദയത്തില്‍ കൊണ്ട ചിലര്‍ അദ്ദേഹത്തിന്റെ പരാതി തീര്‍ക്കാനായി ഇക്കിളി നായികമാരുടെ ചിത്രങ്ങള്‍ കൊണ്ടു പെന്‍സില്‍ വച്ചു കോറിയ ഇക്വേഷന്‍സ്‌ മറച്ചു. ചീവീടുകള്‍ ആനന്ദ ഭൈരവി പാടുന്ന രാത്രി കാലങ്ങളില്‍ ജീവന്‍ വക്കുന്ന നായികമാരോട്‌ കുശലം പറഞ്ഞും പുളകിതരായും നേരം വെളുപ്പിച്ചു ..നാലു മലയാളി കൂടിയാല്‍ അവിടെ മമ്മൂട്ടി-മോഹന്‍ലാല്‍ ആരധക സംഘട്ടനം ഉണ്ടാകും ഏന്ന് പണ്ടു പരശുരാമന്‍ മാഷ്‌ സ്വന്തം മഴു കൊണ്ടു ജാവലിന്‍ ത്രൊ പ്രാക്റ്റീസ്‌ ചെയ്ത സമയത്തേ സ്വന്തം ഡയറിയില്‍ കുത്തികുറിച്ചു വച്ചതാണു. ടിയാന്റെ ശാപം ഭയന്ന് മാളിയേക്കല്‍ നിവാസികള്‍ യുദ്ധ കാഹളം മുഴക്കി. മൊഹന്‍ ലാലിന്റെ മത്തങ്ങാ കവിള്‍ , കുടവയര്‍ മമ്മൂട്ടീടെ ഞൊണ്ടി നടത്തം, പല്ലിന്റെ വിടവ്‌ , വായപൊളിച്ചുള്ള ഇടി മുതലായി അവരോ, അവരുടെ തന്തയും തള്ളയും പോയിട്ട്‌ സ്വന്തം കെട്ടിയോള്‍ വരെ കണ്ടുപിടിക്കാത്ത മാനുഫാക്‍ചറിംഗ്‌ ഡിഫക്റ്റ്‌സ്‌ അന്നു പുഷ്പം പൊലെ നമ്മുടെ പിള്ളേര്‍ പുറത്തു കൊണ്ടു വന്നു. മോഹന്‍ ലാലിനു AIDS ആണെന്ന നഗ്ന സത്യം കേട്ടു ചിലര്‍ മൂക്കുപിഴിഞ്ഞു..അങ്ങനെ മലയാളി സിനിമാ പ്രേമികള്‍ ഒരു വശത്ത്‌. നാട്ടിലും അങ്ങു അറബി നാടുകളിലും CBSE, ICSE, IPS, FACT തുടങ്ങിയ സിലബസ്സുകളില്‍ പഠിച്ച്‌ നല്ല പുട്ടുപോലെ ഇംഗ്ലീഷ്‌ പറയുന്ന മച്ചാന്മാര്‍ ( not original machan) ഒരുവശത്ത്‌. അവരെ കണ്ട്‌ ആവേശത്തിന്റെ ആനമല കയറി, നേരെ ചൊവ്വെ ഷിറ്റ്‌ എന്നും പിന്നെ പറയാങ്കൊള്ളാത്ത മറ്റൊരു ഇംഗ്ലീഷ്‌ വാക്കും അല്ലാതെ ഇംഗ്ലീഷില്‍ ഒരു പുല്ലും മനസ്സിലവത്ത ചില വിരുതന്മാര്‍ വരെ റ്റൊം ക്രൂയ്സ്‌ എന്നും, ബ്രൊസ്നന്‍ എന്നും, അര്‍നോള്‍ഡ്‌ എന്നുൂ കൂവി വിളിച്ചുകൊണ്ട്‌ നടന്നു.ചെറിയൊരു രജനി,വിജയന്‍ തുടങ്ങിയ കാന്തന്മാരുടെ രസികര്‍ മന്റ്രവും മാളിയേക്കലില്‍ രെജിസ്റ്റര്‍ ചെയ്തു പ്രവര്‍ത്തനം ആരംഭിച്ചിരുന്നു.ആ കാലങ്ങളില്‍ ഇന്നത്തെ പോലെ ആള്‍ക്ക്‌ ഒന്ന് എന്ന കണക്കിനുള്ള പെന്റിയം 4 പോയിട്ട്‌ ഒരു 8086 കമ്പിയൂട്ടര്‍ പോലും മാളിയേക്കലില്‍ മഷിയിട്ടു നോക്കാന്‍ ഉണ്ടായിരുന്നില്ല.അതിനാല്‍ മുന്‍പറഞ്ഞ മമ്മൂട്ടി, മൊഹന്‍ലാല്‍, രജനി, ഖേതാന്‍, ഓറിയന്റ്‌ തുടങ്ങിയ ബ്രാന്‍ഡ്‌ ഫാനുകള്‍ “വാടകക്കു TV” എന്ന ആശയത്തെ വെള്ളവും വളവും കൊടുത്തു വലുതാക്കി അങ്ങു കായ്പ്പിച്ചു.സിനിമാ ജ്വരം കൊണ്ടുപിടിച്ച മാളിയേക്കന്‍സ്‌ ആകെ വലഞ്ഞു.കുറ്റിക്കാട്ടു കാരുടെ സിനിമാ അഭിലാഷങ്ങള്‍ നിറവേറ്റിയിരുന്നത്‌ നശീര്‍സാറും അംബാസ്സഡര്‍ ഷീലാമ്മയും അരങ്ങു വാണിരുന്ന കാലത്തെ “കുറ്റിക്കാട്ടൂര്‍ അഭിലാഷ്‌” ആയിരുന്നു.(അഭിലാഷ്‌ ഒരു ശരാശരി awh കാരന്റെ ആത്മകഥയിലെ ഒരു എപിസോഡെങ്കിലും അര്‍ഹിക്കുന്നുന്നതിനാല്‍ പിന്നീടു പറയാനായി വിടാം)അപ്പനെ “ഈയിടക്കു ഒരഞ്ചു വയസ്സു കുറഞ്ഞതായി തോന്നുന്നുണ്ടെന്നും” അമ്മച്ചിയെ “ഈയിടെ വാങ്ങിയ സാരി ചീറിയെന്നു പറഞ്ഞും” മണിയടിച്ച്‌ , സോപ്പ്‌ പതപ്പിച്ച്‌ വാങ്ങുന്ന പുളിങ്കുരുക്കള്‍ കയ്യില്‍ വന്നാല്‍ കോഴിക്കോട്ട്‌ പോയി റിലീസ്‌ പടങ്ങള്‍ കാണാം. പക്ഷെ ഹോസ്റ്റെലിലെ ബില്ലും കൊടുത്തു കഴിയുമ്പോഴെക്കും പേര്‍സ്‌ ബലൂണിലെ കാറ്റു പോയ പോലെ കാലിയാകും .. പിന്നെ അഭിലാഷിനേയും കൈരളിയും crownനേയും സ്വപ്നം കണ്ടു സുഖമായി ഉറങ്ങാം…പിന്നെ എന്തുവഴി? ആളൊന്നുക്കു 20 രൂപാ വച്ചു പിരിച്ചാല്‍ പോലും ആഗ്രഹമുള്ള പടങ്ങള്‍ എല്ലാം കാണാം - ഒര്‍മ്മയുടെ വാസന്ത തോപ്പില്‍ ഒരൊറ്റ ഒപ്ഷന്‍ മാത്രം“വാടകക്കു ടിവി യും സി.ഡി. പ്ലേയെറും”കോളേജ്‌ നടത്തുന്ന “വികലാംഗ ഉന്നമന” സംഗടനയുടെ തലപ്പത്തു പലരും തലയും വാലും മൂത്ത ഹാജിമാരും ഹാജിസ്ക്വ്‌അയറുമാരും ഹാജിക്യുബ്‌മാരും ആയതിനാല്‍ ചോദിച്ചാല്‍ ഇങ്ങനെ പറഞ്ഞു കളയും ” ഞമ്മന്റെ ഉസ്കൂളില്‌ ഇപ്പറഞ്ഞ ശിനിമേം പാട്ടും കൂത്തും ഒന്നും ബേണ്ട.. അതിനു ബച്ച ബേള്ളം മക്കളു ബാങ്ങി ബച്ചേര്‌..”to be continued……………..

Tuesday, March 27, 2007

എന്‍റെ ആദ്യത്തെ മലയാളം ബ്‌ളോഗ്

അങ്ങനെ കൂട്ടുകാരെ........... ഞാനും കൂടി എഴുതട്ടെ... പ്ലീസ്

Thursday, March 15, 2007

PUNE

Let me start..............