Monday, April 30, 2007

maaliyekkal talkees - 1

കോളേജിലെ കുപ്രസിദ്ധ ഭീകരന്മാര്‍, മാഫിയാ തലവന്മാര്‍, അതിവിദഗ്ദ്ധ ചാരപ്രവര്‍ത്തകര്‍ , പൈങ്കിളി സാഹിത്യകാരന്മാര്‍ , പുസ്തകപ്പുഴുക്കള്‍, ചോരയും നീരുമുള്ള പച്ച മനുഷ്യര്‍ എന്നു വേണ്ട എല്ലാ ഇനത്തിലും പിന്നെ ഹൈബ്രിഡ്‌ ഇനത്തിലും പെട്ട നല്ലൊരു ശതമാനം പുരുഷജനങ്ങളും തിങ്ങി പാര്‍ത്തിരുന്നതു മാളിയേക്കല്‍, ഫ്ലെക്സ്‌, 6/2 എന്നീ പുരുഷ ഹോസ്റ്റെലുകളിലായിരുന്നു.ഡേ സ്കോളേഴ്സിലെ പലരും മേല്‍പറഞ്ഞ പുലിമടകളില്‍ നിത്യവും സന്ദര്‍ശിച്ചു സമാധിയടഞ്ഞു. ഇതില്‍ ഓരൊന്നിനെയും കുറിച്ചു എഴുതിയാല്‍ തന്നെ അങ്ങു മഹഭാരതം പോലെ കാണ്ഡം കാണ്ഡമായി നീണ്ടുപോകും.. അതിനാല്‍ ഈ കുറിപ്പുകളില്‍ പലതും തീര്‍ച്ചയായും വിട്ടു കളയേണ്ടിവരും . ഇതില്‍ മാളിയെക്കലില്‍ തന്നെ ഹരിശ്രീ കുറിക്കാമെന്നു കരുതുന്നു ..കുറ്റിക്കാട്ടൂര്‍ നിന്നും നടന്നു വരികയാണെങ്കില്‍ 5 മിനിറ്റും , തിയറെറ്റിക്കലി മണിക്കൂറിനൊന്നു എന്ന വീതവും എന്നാല്‍ സാക്ഷാല്‍ കണിപ്പയ്യൂര്‍ നമ്പൂരിക്കുപോലും ഗണിച്ചു പറയന്‍ പറ്റാത്ത സമയങ്ങളില്‍ പ്രത്യക്ഷപ്പെടുന്നതുമായ കുട്ടിബസ്സില്‍ വരികയാണെങ്കില്‍ സുമാര്‍ 10 മിനിറ്റും ദൂരത്താണു മാളിയേക്കലെന്ന രണ്ടുനില കെട്ടിടം സ്തിതി ചെയ്യുന്നത്‌.കോളേജു മാനേജ്‌മന്റ്‌ മാളിയേക്കല്‍ കുടുംബക്കാരുടെ കയ്യില്‍ നിന്നും അതു വാടകക്കെടുത്താണു ഹോസ്റ്റലാക്കി മാറ്റിയത്‌.ലാഭം എന്ന വാക്കുമാത്രം കയ്യിലുള്ള പോക്കെറ്റ്‌ ഡിക്ഷനറിയില്‍ കുത്തി നിറച്ചിരുന്ന “വികലാംഗ ഉന്നമന സംഗടന” കുട്ടയില്‍ ചാള അടുക്കുന്ന പോലെ പിള്ളാരെ വെല്‍ പാക്ക്ഡ്‌ ആക്കിയാണു സൂക്ഷിച്ചിരുന്നത്‌. ഫ്ലാറ്റിനു 7 എന്ന കണക്കിനു 5 ഫ്ലാറ്റുകളില്‍ 35 ജനങ്ങളും ബാക്കിയുള്ള ഒരു ഫ്ലാറ്റില്‍ വാര്‍ഡനും കുക്കും പിന്നെ അന്തേവാസികളായ സാറുമ്മാരും അവിടെ ജനപ്പെരുപ്പമില്ലാതെ സുഖമായി ജീവിച്ചു പോന്നു.
മുന്‍പു ഏതു പൂച്ച പോലും തേരാ പാര നടന്നിരുന്ന സ്തലം ഹോസ്റ്റല്‍ വന്നതോടെ ആകെ മാറി.. നാട്ടുകാര്‍ ഗബ്ബര്‍ സിങ്ങിന്റെ കൊട്ട കണ്ടാല്‍ കിടുങ്ങുന്ന പോലെ കിടുങ്ങി.. നാട്ടിലെ സുന്ദരികള്‍ ഉമ്മറിനെ കണ്ട ശ്രീവിദ്യയെപ്പൊലെ,സ്തലമെത്തുമ്പോള്‍ എക്സ്‌പോസായിട്ടുള്ള ശരീര ഭാഗങ്ങല്‍ കയ്യില്‍ കിട്ടിയതെന്തും കൊണ്ടു മറച്ചുകൊണ്ടു ഓടി രക്ഷപെട്ടു .. അങ്ങനെ മാളിയേക്കല്‍ പുംഗവന്മാര്‍ ഹോസ്റ്റലിന്റെ 5-6 മൈല്‍ ചുറ്റളവു കൊല്ലും കൊലയുമായി അടക്കിവാഴുന്ന കാലം.
അന്നത്തെ ഗണിതാധ്യപകനും മുന്‍ശുണ്ഡിക്കാരനും ക്രോണിക്‌ പെണ്ണുകെട്ടാത്തവനുമായിരുന്ന മത്തായി സാറിന്റെ ഉപദേശപ്രകാരം മാളിയെക്കലിലെ വിനീതശിഷ്യന്മാര്‍ മുറിയിലും രണ്ടിനുപൊകുമ്പോള്‍ ഇടയ്ക്കു കിട്ടുന്ന ഗ്യാപ്പില്‍ രണ്ടെണ്ണം പഠിച്ചാല്‍ അതായല്ലൊ എന്നു കരുതി റ്റോയ്‌ലെറ്റിലും എന്നു വേണ്ടാ മെശ കട്ടില്‍ തുടങ്ങിയ സകല സാമിഗ്രികലിലും “കാലേ ഹാമില്‍റ്റന്‍ തിയറവും ” , “പാര്‍ഷ്യല്‍ ഡിഫ്ഫറെന്‍ഷ്യല്‍ ഇക്വേഷനും (സമവാക്യം)” കൊണ്ടു നിറച്ചു..
മുന്‍പറഞ്ഞ ചോരയും നീരുമുള്ള പച്ചമനുഷ്യര്‍ “മനോരമ വാരിക” സ്റ്റാന്‍ഡേര്‍ഡ്‌ ഉള്ള പ്രണയാതുരമായ വാക്കുകള്‍ ഇടക്കുള്ള വെക്കന്റ്‌ സ്തലങ്ങളില്‍ എഴുതിവച്ചു. മൈക്രൊസൊഫ്റ്റ്‌ എന്ന കുത്തക കമ്പനിയുടെ വേര്‍ഡിലുള്ള ഫാന്‍സി ഫോണ്ട്‌ കൊണ്ടു പേരുകള്‍ എഴുതി സ്വന്തം ഫ്ലാറ്റിന്റെ മുന്‍പില്‍ ഒട്ടിച്ചു ചിലര്‍ നിര്‍വൃതിയടഞ്ഞു..
ചുവര്‍ വൃത്തികേടാക്കി എന്ന വാര്‍ഡന്റെ പരിഭവം പറച്ചില്‍ ഹൃദയത്തില്‍ കൊണ്ട ചിലര്‍ അദ്ദേഹത്തിന്റെ പരാതി തീര്‍ക്കാനായി ഇക്കിളി നായികമാരുടെ ചിത്രങ്ങള്‍ കൊണ്ടു പെന്‍സില്‍ വച്ചു കോറിയ ഇക്വേഷന്‍സ്‌ മറച്ചു. ചീവീടുകള്‍ ആനന്ദ ഭൈരവി പാടുന്ന രാത്രി കാലങ്ങളില്‍ ജീവന്‍ വക്കുന്ന നായികമാരോട്‌ കുശലം പറഞ്ഞും പുളകിതരായും നേരം വെളുപ്പിച്ചു ..നാലു മലയാളി കൂടിയാല്‍ അവിടെ മമ്മൂട്ടി-മോഹന്‍ലാല്‍ ആരധക സംഘട്ടനം ഉണ്ടാകും ഏന്ന് പണ്ടു പരശുരാമന്‍ മാഷ്‌ സ്വന്തം മഴു കൊണ്ടു ജാവലിന്‍ ത്രൊ പ്രാക്റ്റീസ്‌ ചെയ്ത സമയത്തേ സ്വന്തം ഡയറിയില്‍ കുത്തികുറിച്ചു വച്ചതാണു. ടിയാന്റെ ശാപം ഭയന്ന് മാളിയേക്കല്‍ നിവാസികള്‍ യുദ്ധ കാഹളം മുഴക്കി. മൊഹന്‍ ലാലിന്റെ മത്തങ്ങാ കവിള്‍ , കുടവയര്‍ മമ്മൂട്ടീടെ ഞൊണ്ടി നടത്തം, പല്ലിന്റെ വിടവ്‌ , വായപൊളിച്ചുള്ള ഇടി മുതലായി അവരോ, അവരുടെ തന്തയും തള്ളയും പോയിട്ട്‌ സ്വന്തം കെട്ടിയോള്‍ വരെ കണ്ടുപിടിക്കാത്ത മാനുഫാക്‍ചറിംഗ്‌ ഡിഫക്റ്റ്‌സ്‌ അന്നു പുഷ്പം പൊലെ നമ്മുടെ പിള്ളേര്‍ പുറത്തു കൊണ്ടു വന്നു. മോഹന്‍ ലാലിനു AIDS ആണെന്ന നഗ്ന സത്യം കേട്ടു ചിലര്‍ മൂക്കുപിഴിഞ്ഞു..അങ്ങനെ മലയാളി സിനിമാ പ്രേമികള്‍ ഒരു വശത്ത്‌. നാട്ടിലും അങ്ങു അറബി നാടുകളിലും CBSE, ICSE, IPS, FACT തുടങ്ങിയ സിലബസ്സുകളില്‍ പഠിച്ച്‌ നല്ല പുട്ടുപോലെ ഇംഗ്ലീഷ്‌ പറയുന്ന മച്ചാന്മാര്‍ ( not original machan) ഒരുവശത്ത്‌. അവരെ കണ്ട്‌ ആവേശത്തിന്റെ ആനമല കയറി, നേരെ ചൊവ്വെ ഷിറ്റ്‌ എന്നും പിന്നെ പറയാങ്കൊള്ളാത്ത മറ്റൊരു ഇംഗ്ലീഷ്‌ വാക്കും അല്ലാതെ ഇംഗ്ലീഷില്‍ ഒരു പുല്ലും മനസ്സിലവത്ത ചില വിരുതന്മാര്‍ വരെ റ്റൊം ക്രൂയ്സ്‌ എന്നും, ബ്രൊസ്നന്‍ എന്നും, അര്‍നോള്‍ഡ്‌ എന്നുൂ കൂവി വിളിച്ചുകൊണ്ട്‌ നടന്നു.ചെറിയൊരു രജനി,വിജയന്‍ തുടങ്ങിയ കാന്തന്മാരുടെ രസികര്‍ മന്റ്രവും മാളിയേക്കലില്‍ രെജിസ്റ്റര്‍ ചെയ്തു പ്രവര്‍ത്തനം ആരംഭിച്ചിരുന്നു.ആ കാലങ്ങളില്‍ ഇന്നത്തെ പോലെ ആള്‍ക്ക്‌ ഒന്ന് എന്ന കണക്കിനുള്ള പെന്റിയം 4 പോയിട്ട്‌ ഒരു 8086 കമ്പിയൂട്ടര്‍ പോലും മാളിയേക്കലില്‍ മഷിയിട്ടു നോക്കാന്‍ ഉണ്ടായിരുന്നില്ല.അതിനാല്‍ മുന്‍പറഞ്ഞ മമ്മൂട്ടി, മൊഹന്‍ലാല്‍, രജനി, ഖേതാന്‍, ഓറിയന്റ്‌ തുടങ്ങിയ ബ്രാന്‍ഡ്‌ ഫാനുകള്‍ “വാടകക്കു TV” എന്ന ആശയത്തെ വെള്ളവും വളവും കൊടുത്തു വലുതാക്കി അങ്ങു കായ്പ്പിച്ചു.സിനിമാ ജ്വരം കൊണ്ടുപിടിച്ച മാളിയേക്കന്‍സ്‌ ആകെ വലഞ്ഞു.കുറ്റിക്കാട്ടു കാരുടെ സിനിമാ അഭിലാഷങ്ങള്‍ നിറവേറ്റിയിരുന്നത്‌ നശീര്‍സാറും അംബാസ്സഡര്‍ ഷീലാമ്മയും അരങ്ങു വാണിരുന്ന കാലത്തെ “കുറ്റിക്കാട്ടൂര്‍ അഭിലാഷ്‌” ആയിരുന്നു.(അഭിലാഷ്‌ ഒരു ശരാശരി awh കാരന്റെ ആത്മകഥയിലെ ഒരു എപിസോഡെങ്കിലും അര്‍ഹിക്കുന്നുന്നതിനാല്‍ പിന്നീടു പറയാനായി വിടാം)അപ്പനെ “ഈയിടക്കു ഒരഞ്ചു വയസ്സു കുറഞ്ഞതായി തോന്നുന്നുണ്ടെന്നും” അമ്മച്ചിയെ “ഈയിടെ വാങ്ങിയ സാരി ചീറിയെന്നു പറഞ്ഞും” മണിയടിച്ച്‌ , സോപ്പ്‌ പതപ്പിച്ച്‌ വാങ്ങുന്ന പുളിങ്കുരുക്കള്‍ കയ്യില്‍ വന്നാല്‍ കോഴിക്കോട്ട്‌ പോയി റിലീസ്‌ പടങ്ങള്‍ കാണാം. പക്ഷെ ഹോസ്റ്റെലിലെ ബില്ലും കൊടുത്തു കഴിയുമ്പോഴെക്കും പേര്‍സ്‌ ബലൂണിലെ കാറ്റു പോയ പോലെ കാലിയാകും .. പിന്നെ അഭിലാഷിനേയും കൈരളിയും crownനേയും സ്വപ്നം കണ്ടു സുഖമായി ഉറങ്ങാം…പിന്നെ എന്തുവഴി? ആളൊന്നുക്കു 20 രൂപാ വച്ചു പിരിച്ചാല്‍ പോലും ആഗ്രഹമുള്ള പടങ്ങള്‍ എല്ലാം കാണാം - ഒര്‍മ്മയുടെ വാസന്ത തോപ്പില്‍ ഒരൊറ്റ ഒപ്ഷന്‍ മാത്രം“വാടകക്കു ടിവി യും സി.ഡി. പ്ലേയെറും”കോളേജ്‌ നടത്തുന്ന “വികലാംഗ ഉന്നമന” സംഗടനയുടെ തലപ്പത്തു പലരും തലയും വാലും മൂത്ത ഹാജിമാരും ഹാജിസ്ക്വ്‌അയറുമാരും ഹാജിക്യുബ്‌മാരും ആയതിനാല്‍ ചോദിച്ചാല്‍ ഇങ്ങനെ പറഞ്ഞു കളയും ” ഞമ്മന്റെ ഉസ്കൂളില്‌ ഇപ്പറഞ്ഞ ശിനിമേം പാട്ടും കൂത്തും ഒന്നും ബേണ്ട.. അതിനു ബച്ച ബേള്ളം മക്കളു ബാങ്ങി ബച്ചേര്‌..”to be continued……………..

4 Comments:

Blogger അനിയന്‍കുട്ടി | aniyankutti said...

സ്വാമി ശരണം.... അങ്ങനെ അതിവിടെ എത്തിയല്ലേ... നന്നായെടാ മോനേ.... :-)

6:59 am  
Blogger Praju and Stella Kattuveettil said...

രസമുള്ള കഥയാണല്ലൊ.. പാരഗ്രാഫ്‌ തിരിച്ചു എഴുതാന്‍ ട്രൈ ചെയ്യാവോ..

എന്റെ ഹോസ്റ്റലില്‍ പാര്‍ഷ്യല്‍ ഇക്വേഷനു പകരം ഓര്‍ഗാനിക്‌ കെമിസ്റ്റ്രി ഫോര്‍മുലാസ്‌ ആയിരുന്നു..

ഇനിയും പോരട്ടെ

11:57 am  
Blogger Praju and Stella Kattuveettil said...

രസമുള്ള കഥയാണല്ലൊ.. പാരഗ്രാഫ്‌ തിരിച്ചു എഴുതാന്‍ ട്രൈ ചെയ്യാവോ..

എന്റെ ഹോസ്റ്റലില്‍ പാര്‍ഷ്യല്‍ ഇക്വേഷനു പകരം ഓര്‍ഗാനിക്‌ കെമിസ്റ്റ്രി ഫോര്‍മുലാസ്‌ ആയിരുന്നു..

ഇനിയും പോരട്ടെ

11:58 am  
Blogger Unknown said...

da, ne vittu poya oru kendram undu. NKplaza. Athele katha pathrangalkku entha role elle. ha

1:16 am  

Post a Comment

<< Home